വിദേശത്ത് മെഡിസിൻ പഠിച്ച വിദ്യാർത്ഥികൾ ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിൽ

Kerala India Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിദേശത്ത് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിൽ. ചൈനയിലെ സി.ടി.ജി.യു യൂണിവേഴ്‌സിറ്റിയിൽ 2016 ബാച്ചിൽപ്പെട്ട മെഡിക്കൽ ബിരുദ പഠനത്തിനായി പോയി മൂന്നര വർഷത്തിന് ശേഷം കോവിഡിനെ തുടർന്ന് 2020 ജനുവരിയിൽ നാട്ടിലേക്കു മടങ്ങിയെത്തിയ എഴുപതോളം വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലുള്ളത്.

ഇതിൽ 30 പേർ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 2020 ജനുവരിക്കു ശേഷം പഠനം ഡിജിറ്റൽ ക്ലാസ് റും സംവിധാനത്തിലൂടെ ഓൺലൈൻ വഴി മാത്രമായിരുന്നു. മൂന്നു സെമസ്റ്ററിലെ പഠനമാണ് ഈ വിധത്തിൽ പൂർത്തീകരിച്ചത്. ഓൺലൈനായി തന്നെ പരീക്ഷ നടത്തി ഫലവും പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകി. കഴിഞ്ഞ വർഷം ജനുവരി മുതൽ നടന്നു വരുന്ന എഫ്.എം.ജി.ഇ ടെസ്റ്റും പാസായി. കേരളാ സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ പ്രൊവിഷണൽ രജിസ്‌ട്രേഷനുള്ള അപേക്ഷ കൊടുത്ത് ഫീസുമടച്ചു. ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോഴാണ് മെഡിക്കൽ കൗൺസിൽ തടസവാദമുന്നയിച്ചത്. മെഡിക്കൽ വിദ്യാർഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവസാന വർഷം ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യേണ്ടതുണ്ട്.

പഠനം നാട്ടിലിരുന്ന് ഓൺലൈനിൽ ആയിരുന്നതിനാൽ ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. ഇതാണ് ഇവിടെ ഇന്റേൺഷിപ് ചെയ്യുന്നതിന് തടസം. ഇന്റേൺഷിപ്പ് ചൈനയിലോ ഇന്ത്യയിലോ ചെയ്യാവുന്നതാണ്. അത് പൂർത്തിയാക്കിയാൽ യൂണിവേഴ്‌സിറ്റി ഡിഗ്രി നൽകും. എന്നാൽ കോവിഡിനു ശേഷം ചൈന വിസ അനുവദിച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ ജൂണിനു ശേഷമാണ്. അപ്പോഴേക്ക് കുട്ടികളുടെ സ്റ്റുഡന്റ് വിസ കാലാവധിഅവസാനിച്ചു. കോവിഡ് കാരണം പകുതി കുട്ടികൾക്കു ഫീസ് അടച്ചെങ്കിലും പരീക്ഷ എഴുതുവാൻ കഴിയാതെ വന്നു. ഇനി ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യണമെങ്കിൽ കോവിഡ് കാലത്തു ഓൺലൈൻ ക്ലാസിനോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന ക്ലിനിക്കൽ പ്രാക്ടീസ് പൂർത്തീകരിക്കണമെന്ന് എൻ.എം.സി നിബന്ധന വച്ചു. ഇപ്പോൾ ചൈന വിസ പുതിക്കിത്തരാത്ത കാരണത്താൽ യൂണിവേഴ്‌സിറ്റിയിൽ എത്താനും കഴിയുന്നില്ല.

ചൈനയിലെ നിബന്ധന പ്രകാരം മെഡിക്കൽ പഠനം എട്ടു വർഷത്തിനകം പൂർത്തീകരിച്ചിരിക്കണം. ഇന്ത്യയിൽ എൻ.എം.സി റെഗുലേഷൻ അനുസരിച്ച് ഫൈനൽ പരീക്ഷ പാസായി രണ്ടു വർഷത്തിനകമോ എഫ്.എം.ജി.ഇ പാസായി രണ്ടു വർഷത്തിനകമോ ഇന്റേൺഷിപ്പ് പൂർത്തീകരിക്കണം. കോഴ്‌സിന് ചേർന്നിട്ട് ഇപ്പോൾ 7 വർഷം പിന്നിട്ടു. എഫ്.എം.ജി.ഇ പാസായിട്ട് ഒന്നര വർഷവുമായി. എന്നിട്ടും ഇന്റേൺഷിപ്പിന് ചേരുവാൻ സാധിക്കാത്ത അവസ്ഥയാണ്. മെറിറ്റിൽ ഇന്ത്യയിൽ മെഡിസിന് അഡ്മിഷൻ കിട്ടാത്ത സാഹചര്യത്തിലും സ്വകാര്യ സീറ്റിനായി ഭാരിച്ച തുക മുടക്കുവാനില്ലാതിരുന്നതി നാലുമാണ് പലരും വിദേശ പഠന മാർഗം തേടിയത്.

മഹാവിപത്ത് സംഭവിച്ചതിന്റെ പേരിൽ വിദ്യാർഥികളുടെ ഭാവിയും സ്വപ്നങ്ങളും തകർന്നടിയുന്നതു തടയുവാനുള്ള ഉത്തരവാദിത്വം ഭരണ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും 25-26 വയസ് കഴിഞ്ഞവരാണ്. ഇനിയും പുതുതായി മറ്റെന്തെങ്കിലും കോഴ്‌സിന് പഠിക്കുവാനും കഴിയില്ല. രക്ഷിതാക്കൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും വന്നിട്ടുണ്ട്.
ഇവരുടെ ജൂനിയേഴ്‌സിനും സീനിയേഴ്‌സിനും ഇത്തരം പ്രശ്‌നം ഉണ്ടായിട്ടുമില്ല. 2016 ബാച്ചിന് മാത്രമാണ് പ്രശ്‌നമുണ്ടായത്. ഒന്നുകിൽ ക്ലിനിക്കൽ പ്രാക്ടീസ് നഷ്ടപ്പെട്ട വിദ്യാർഥികർക്ക് അത് പരിഹരിക്കാൻ ഇന്ത്യയിൽ സി.ആർ.എം.ഐ രണ്ടുവർഷം ചെയ്യുന്നതിനുള്ള അനുമതി നൽകുകയോ അല്ലെങ്കിൽ ചൈനീസ് സർക്കാരുമായി നയതന്ത്ര ചർച്ചകൾ നടത്തി വിസ പുതുക്കുന്നതിനും അവിടുത്തെ യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ ട്രെയിനിങ്ങും ഇന്റേൺഷിപ്പും പൂർത്തീകരിക്കുന്നതിനുള്ള സംവിധാനം ചെയ്തുതരികയോ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടു.

2017 ബാച്ചിൽപ്പെട്ട കുട്ടികളുടെ വിസ കാലാവധി കഴിയാതിരുന്നതുകൊണ്ട് അവർ തിരികെ ചൈനയിലേക്ക് പോയി ഇന്റേൺഷിപ് ചെയ്തു തുടങ്ങി. സീനിയർ ബാച്ചിലെ കുട്ടികളെ ഇന്ത്യയിൽത്തന്നെ ഇന്റേൺഷിപ് ചെയ്യുവാൻ എൻ. എം. സി അനുമതിയും നൽകിയിട്ടുണ്ടെന്ന്് എം.കെ. ശ്രീലാൽ ഇലന്തൂർ, എ.എൻ. പ്രസന്നൻ വടശേരിക്കര, അഞ്ജു ശ്രീലാൽ, ഉണ്ണിമായ പ്രസന്നൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *