പൊടിയാടിയിൽ രാഷ്ട്രീയ സംഘർഷം: ഡിവൈ.എസ്പിയോട് കയർത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല – രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ഡിവൈ.എസ്.പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി വാക്കേറ്റം. താനും ആഭ്യന്തരമന്ത്രിയായിരുന്നയാളാണെന്നും പോയി പണി നോക്കാനുമായിരുന്നു തിരുവഞ്ചൂര്‍ ഡിവൈ.എസ്പിയോട പറഞ്ഞത്.

സിപിഎം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തില്‍ നടന്ന 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിനിടെയാണ് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊടിയാടി ജങ്ഷനില്‍ തിരുവല്ല – അമ്പലപ്പുഴ റോഡ് ഉപരോധിച്ചു. വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. എന്‍ആര്‍ഇജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ അഞ്ചേമുക്കാലോടെ പൊടിയാടി ജങ്ഷനില്‍ എത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസിന്റെ ഉപവാസ സമരപ്പന്തലിന് സമീപമായി എന്‍ആര്‍ഇജിയുടെ വാഹനജാഥ നിര്‍ത്തി പ്രസംഗം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ ആണ് സംഘര്‍ഷം ഉടലെടുത്തത്.

തുടര്‍ന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇടത് നേതാക്കള്‍ ഉച്ചഭാഷിണിയിലൂടെ പ്രസംഗം തുടര്‍ന്നതോടെ അത് നിര്‍ത്തി വയ്ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പോലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചത്. ഇതിനിടെ ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ തുനിഞ്ഞു.

ഇതോടെ സംഭവത്തില്‍ തിരുവഞ്ചൂര്‍ ഇടപെട്ടു. ഡിവൈഎസ്പിയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് റോഡില്‍ വച്ച് തന്നെ നടന്ന ഉപവാസ സമാപന പ്രസംഗത്തില്‍ പോലീസ് സിപിഎമ്മിന് കുടപിടിക്കുകയാണെന്ന ആക്ഷേപം ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *