കോഴഞ്ചേരി: അതിഥി തൊഴിലാളിക്ക് വേതനം നൽകാതെ തടഞ്ഞു വയ്ക്കുകയും ആധാർ കാർഡും മറ്റ് രേഖകളും പിടിച്ചു വയ്ക്കുകയും ചെയ്ത പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് മുന്നിൽ വച്ച് ഭീഷണി. ഹോട്ടലുടമയുടെ മകനെതിരേ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി മണ്ണിൽ ഹോട്ടൽ ഉടമ ജോമോന്റെ മകൻ ആൽബിനെതിരേയാണ് കേസ്.
പശ്ചിമ ബംഗാൾ സ്വദേശിയായ ജീവനക്കാരനെതിരേയാണ് മനുഷ്യത്വ രഹിതമായ പ്രവർത്തി ഉണ്ടായത്. ഇയാളുടെ മാതാവ് മരിച്ച വിവരം അറിയിച്ചിട്ടും വിടാതെ തടഞ്ഞു വച്ചുവെന്നാണ് പരാതി. ഇയാൾ നാട്ടിലേക്ക് പോകാതിരിക്കാൻ ബാഗും ജോലി ചെയ്ത കൂലിയും ആധാർ കാർഡും പിടിച്ചു വച്ചുവത്രേ. അതിഥി തൊഴിലാളിയുടെ പരാതി പൊലീസിന്റെ എമർജൻസി റെസ്‌പോൺസ് സിസ്റ്റം കൺട്രോളിൽ ലഭിച്ചതിനെ തുടർന്ന് ആറന്മുള പോലീസ് സ്‌റ്റേഷനിൽ നിന്നും മൊബൈൽ പെട്രോളിങ് പാർട്ടി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഹോട്ടലിൽ എത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ സാധനങ്ങളും ജോലി കൂലിയും മറ്റും കൊടുക്കാൻ ഉടമ വിസമ്മതിക്കുകയായിരുന്നു.
പരാതിക്ക് പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ഇരുകക്ഷികളും സ്‌റ്റേഷനിൽ എത്താൻ അറിയിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി ഒന്നര മാസമായി ഈ ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയോടെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ പോകുന്നതിനായി ജോലി ചെയ്ത കൂലി ചോദിച്ചു. എന്നാൽ പണം നൽകാതെ ആധാർ കാർഡും ലഗേജുകളും എല്ലാം തടഞ്ഞു വച്ചിരിക്കുന്നതായും അത് ചോദിച്ച ആളിനെ ഭീഷണിപ്പെടുത്തിയതായും ചീത്ത വിളിച്ചതായും
പരാതി നൽകിയിരുന്നു.
ഇരുകൂട്ടരും വൈകിട്ട് നാലിന് സ്‌റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു. ഹോട്ടലിന്റെ ഉടമസ്ഥർ ആരും തന്നെ എത്തിയില്ല. സ്‌റ്റേഷനിൽ വന്ന് കാത്തു നിന്നിരുന്ന അതിഥി തൊഴിലാളിയെയും കൂട്ടി വൈകിട്ട് അഞ്ചരക്ക് സബ് ഇൻസ്‌പെക്ടർ ഹോട്ടലിൽ എത്തി തൊഴിലാളിയുടെ ജംഗമ വസ്തുക്കളും ആധാർ കാർഡും മറ്റും കൊടുക്കാൻ കടയുടെ ചുമതലയിലുണ്ടായിരുന്ന ആൽബിനോട് ആവശ്യപ്പെട്ടു. പത്തു മിനുട്ടോളം പോലിസ് കാത്തു നിന്നിട്ടും അത് കൊടുക്കുന്നതിന് തയ്യാറാകാതെ പോലീസ് സബ് ഇൻസ്‌പെക്ടറുടെ മുൻപിൽ വച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസ് സംഘം ആൽബിനെ സ്‌റ്റേഷനിൽ കൂട്ടിക്കൊണ്ടു പോയി. അതിഥി തൊഴിലാളിയുടെ ജംഗമവസ്തുക്കൾ തടഞ്ഞു വച്ചതിനും ചീത്ത വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആൽബിനെതിരെ അതിഥി തൊഴിലാളിയുടെ പരാതിയിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ആറന്മുള പൊലീസ് ആൽബിനെ മർദിച്ചുവെന്ന് കാട്ടി ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി എസ്പിക്ക് പരാതി നൽകി. ഹോട്ടലിന്റെ കൗണ്ടറിൽ വച്ചും സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴിക്കും എസ്‌ഐ ആൽബിനെ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റുവെന്നാരോപിച്ച് ആൽബിൻ ചികിൽസ തേടി.
What do you feel about this post?
Like
Love
Happy
Haha
Sad

