തിരുവല്ലയിൽ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് എട്ടു പേർ അഭിഭാഷകർ ആയെന്ന് ഊമക്കത്ത്

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ബാറിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരിൽ വ്യാജന്മാർ കടന്നു കൂടിയെന്ന് ഊമക്കത്ത് പ്രചരിക്കുന്നു. എട്ടു വക്കീലൻമാരുടെ റോൾ നമ്പർ അടക്കം പ്രചരിക്കുന്ന കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി.

സിപിഎമ്മിന്റെ നാലു പ്രമുഖ നേതാക്കളുടെ പേരാണ് പട്ടികയിൽ ആദ്യമുള്ളത്. പിന്നാലെ സിപിഐയുടെ ജില്ലാ നേതാവ് അടക്കമുള്ളവരുടെ പേരും പറയുന്നു. ഒരാൾ പല പാർട്ടികളിലായി ചുറ്റി സഞ്ചരിക്കുന്ന പ്രാദേശിക പാർട്ടി നേതാവുമാണ്. ഈ പട്ടികയിൽപ്പെടാത്ത മറ്റു ചിലരും വ്യാജസർട്ടിഫിക്കറ്റുമായി വന്നവരാണെന്നാണ് പറയുന്നത്. എന്നാൽ, ഈ എട്ടു പേരുടെ പേര് മാത്രം വച്ച് ബാർ കൗൺസിലിനും വിവിധ കോടതികൾക്കും ഊമക്കത്ത് പോയതിന്റെ ലക്ഷ്യം രാഷ്ട്രീയ ചേരിതിരിവാണെന്ന് വ്യക്തമാണ്.

ഇവർ ലോ കോളേജിൽ പഠിച്ചിട്ടില്ല, ക്ലാസിൽ പോയിട്ടില്ല, പരീക്ഷ എഴുതിയിട്ടില്ല എന്നാണ് കത്തിൽ പറയുന്നത്. എല്ലാവരും ഭോപ്പാൽ പ്രീഡിഗ്രിക്കാരാണത്രേ. ഇവിടെ നിന്ന് തുടങ്ങുന്നു വ്യാജസർട്ടിഫിക്കറ്റ് കഥ. ഇംഗ്ലീഷ് കൂട്ടിവായിക്കാൻ അറിയാത്ത ഇവർ ഇപ്പോൾ തിരുവല്ലയിൽ ഏറ്റവും വലിയ ഓഫീസുമിട്ട് വിലസുന്നു. കോടതികളിൽ ഇവരെ ആരും കണ്ടിട്ടില്ല. പക്ഷേ, ഇവർ മാഫിയകളും കൂട്ടിക്കൊടുപ്പുകാരുമാണ്. ബാർ കൗൺസിലിന്റെ മുമ്പാകെ യഥാർഥ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരാണ്. ഹാജരാക്കിയിട്ടുള്ളത് വ്യാജ സർട്ടിഫിക്കറ്റാണ്. വ്യാജ ലോകോളജിന്റെ പേരിലാണ്. വ്യാജന്മാരും ചതിയന്മാരുമായ ഇവരിങ്ങനെ മാന്യന്മാരാകുന്നത് അനീതിയാണ്. ഭരണകക്ഷിയായതു കൊണ്ട് ഈ സത്യം വിളിച്ചു പറയാൻ എല്ലാവർക്കും പേടിയാണ്. മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരാണ്. സിപിഐക്കാരും ഉണ്ടെന്ന് കത്ത് തുടർന്നു പറയുന്നു. ഈ വ്യാജന്മാരെ കണ്ടു പിടിച്ച് പൊതുജനമധ്യത്തിൽ തുറന്നു കാട്ടണമെന്നും പൊതുജനങ്ങൾ ചതിക്കപ്പെടാതിരിക്കാൻ അവരെ ഇത് അറിയിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. തുടർന്ന് റോൾ നമ്പരും പേരും സഹിതം എഴുതിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *