പത്തനംതിട്ട: ഔട്ലെറ്റുകളിൽ കെട്ടിക്കിടന്ന മദ്യം വിറ്റഴിക്കാൻ പകുതി വിലക്ക് കച്ചവടം നടത്തി ബിവറേജസ് കോർപറേഷൻ. ഉയർന്ന വിലയുള്ള ചില മദ്യക്കുപ്പികളാണ് ഇങ്ങനെ വൻവിലക്കിഴിവിൽ വിറ്റഴിച്ചത്. ഇതോടെ കോർപറേഷന് വലിയ ലാഭമുണ്ടാവുകയും ചെയ്തു. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉൾപ്പെടെയുള്ളവയാണ് ഇത്തരത്തിൽ വിറ്റത്. 1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്ക്കാണ് വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) ആകട്ടെ, 400 രൂപയായിരുന്നു ഓഫർ വില. റെഡ്ബ്ലിസ് വോഡ്ക (750 മില്ലി) യ്ക്ക് 1080 രൂപയാണ് വില. എന്നാൽ ഓഫർ വിൽപനയിൽ നൽകേണ്ടിവന്നത് 400 രൂപ മാത്രമായിരുന്നു. 1080 രൂപ വിലയുള്ള ലിങ്കൻ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കാണ് വിറ്റത്. റാക്ക്‌ഡോവ് ബ്രാണ്ടി (750 മില്ലി)യുടെ യഥാർഥ വില 1240 രൂപയായിരുന്നു. ഓഫർ വില നാനൂറു രൂപയും. സ്റ്റോക്ക് ക്ലിയറൻസ് സെയിലിൽ കൂടുതൽ കിഴിവ് നൽകിയ ബ്രാൻഡിയും റാക്ക്‌ഡോവാണ്.
ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരുന്നു. അറിഞ്ഞെത്തിയവർ കൂടുതൽ കുപ്പികൾ വാങ്ങി സന്തുഷ്ടരായപ്പോൾ അറിയാതെപോയ പലരും നിരാശരായി. ഏതായാലും ആദായക്കച്ചവടം കൊണ്ട് ബെവ്‌കോയ്ക്ക് 6 കോടി അധികവരുമാനം കിട്ടി.


