അശ്ളീല കത്ത് വിവാദം ; നൂറനാട്ട് നിന്നൊരു അപൂർവ്വ പ്രതികാര കഥ

Crime

നൂറനാട്: സ്വന്തം പേരിൽ അശ്ലീല കത്ത് എഴുതി അയയ്ക്കുകയും അത് ചെയ്തത് അയൽക്കാരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ. അയൽക്കാരനെ കള്ളക്കേസിൽ കുടുക്കാനും നാട്ടുകാർക്ക് മുന്നിൽ നാറ്റിക്കാനുമായി സ്വന്തം പേരിൽ നാട്ടിലെ പ്രമുഖർക്ക് അശ്ലീല കത്ത് അയയ്ക്കുകയും അത് ചെയ്തത് അയൽക്കാരാണെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തയാളും സഹായികളായ വീട്ടമ്മയും സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ ഏറെ കുഴപ്പിച്ചതാണ്

ആറ് മാസമായി നൂറനാട് പടനിലം പ്രദേശത്തെ വലച്ച അശ്ലീല കത്തിന്റെ രചയിതാക്കളാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. ഇതോടെ നാട്ടിലെ പല കുടുംബങ്ങളിലെയും കലഹത്തിനും അന്ത്യമായി. നാട്ടുകാരെയും കുടുംബാംഗങ്ങളെയും തമ്മിൽ അടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു കത്തിന്റെ ഉള്ളടക്കം. നൂറനാട് നെടുകുളഞ്ഞി ശ്യാം നിവാസിൽ ശ്യാം (36) ആണ് കത്തിന് പിന്നിലെ യഥാർഥ വില്ല. ഇയാൾക്ക് സഹായം ചെയ്തു കൊടുത്ത നെടുകുളഞ്ഞി തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് മാമ്പ്ര കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സർ എന്റെ പേരിൽ അയൽ വാസി കത്തയയ്ക്കുന്നു: പരാതിയുമായി ഇൻസ്‌പെക്ടർക്ക് മുന്നിൽ

ആറു മാസം മുൻപ് ഒരു ദിവസം ശ്യാം നൂറനാട് പൊലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ മുന്നിലെത്തുന്നു. അയൽവാസി പാലമേൽ മനോജ് ഭവനത്തിൽ മനോജിന്റെ കിണറ്റിൽ ആരോ ഒരു പട്ടിയെ കൊണ്ടിട്ടു. അത് താനാണ് എന്ന് പറ്ഞ്ഞ മനോജ് നാട്ടിൽ അപവാദ പ്രചരണം നടത്തു. മനോജിന് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതുന്ന സ്വഭാവം ഉണ്ട്. അയാൾക്ക് തന്നോട് വൈരാഗ്യം ഉള്ളതിനാൽ തന്റെ പേര് വച്ച് ഇത്തരം കത്ത് അയക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സഹായിക്കണമെന്നാണ് ശ്യാം ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ് നൂറനാട് പഞ്ചായത്ത് പ്രസിഡന്റ സ്വപ്ന സുരേഷിന് ഒരു കത്ത് ലഭിച്ചു. കവറിന് പുറത്ത് ഉണ്ടായിരുന്ന ഫ്രം അഡ്രസ് ശ്യാം, ശ്യാം നിവാസ് പടനിലം എന്നായിരുന്നു. ശ്യാം പോലീസിനെ സമീപിച്ചു. താൻ പറഞ്ഞതു പോലെ തന്നെ തന്റെ പേരിൽ എഴുതുന്നത് മനോജ് ആണെന്ന് പറയുകയും ചെയ്തു.

ശ്യാം തന്നെ നാട്ടിൽ പലരോടും മനോജ് ആണ് ഈ കത്ത് എഴുതുന്നതെന്ന് പ്രചരിപ്പിച്ചു. ശ്യാം പൊലീസിൽ പരാതിയും നൽകി. പൊലീസ് മനോജിനെ ചോദ്യം ചെയ്തു. കൈയക്ഷരം പരിശോധിച്ചു. പക്ഷേ മനോജോ വീട്ടുകാരോ കത്ത് എഴുതിയതിന്റെ യാതൊരു തെളിവും ലഭിച്ചില്ല. അടുത്ത ആഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കും കിട്ടി ഒരു അശ്ലില കത്ത്. പിന്നാലെ മുൻ എം.എൽ.എ കെ.കെ. ഷാജു, പടനിലം എച്ച്എസ്എസ് മാനേജർ മനോഹരൻ എന്നിവർക്കും കത്തുകൾ കിട്ടി. ശ്യാമിന്റെ അയൽക്കാരനായ പാലമേൽ ശ്രീനിലയത്തിൽ ശ്രീകുമാറിനും കിട്ടി ഒരു കത്ത്. എല്ലാ കത്തിലും ഫ്രം അഡ്രസ് ശ്യാമിന്റെ ആയിരുന്നു. ശ്രീകുമാറിന്റെ മൊഴി പ്രകാരം പൊലീസ്
കേസ് രജിസ്റ്റർ ചെയ്തു. ഗൗരവമായ അന്വേഷണം തുടങ്ങി. നിരവധിപേരുടെ കൈയക്ഷരം പരിശോധിച്ചു. ഒന്നും സാമ്യമുള്ളത് ഇല്ലായിരുന്നു.

ഇതിനിടെ പടനിലത്തു താമസിക്കുന്ന മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായമുള്ള സ്ത്രീകൾക്കും നിരന്തരം കത്തുകൾ വരാൻ തുടങ്ങി. ഈ കത്തുകൾ എല്ലാം തന്നെ അശ്ലീലം നിറഞ്ഞതായിരുന്നു. എല്ലാ കത്തിലും വധഭീഷണിയും ഉണ്ടായിരുന്നു. ഇതെല്ലാം ശ്യാമിന്റെ പേര് വച്ച കത്തുകൾ ആയിരുന്നു. പ്രദേശത്തുള്ള മിക്ക സ്ത്രീകൾക്കും കത്ത് വരാൻ തുടങ്ങിയതോടു കൂടി നാട്ടിലാകെപരിഭ്രാന്തിയായി. കത്ത് കിട്ടിയ വീടുകളിലെല്ലാം സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടു. ഒടുവിൽ ശ്യാമിനെ പൊലീസ് സംശയിച്ചു. വ്യക്തമായ തെളിവു രേഖകളോ കിട്ടാതെ
അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. കത്ത് കിട്ടിയ വിവരം പുറത്ത് പറയാൻ മടി കാണിച്ച പലരും വളരെ വൈകിയാണ് പൊലീസിന് നൽകിയത്. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ച ശ്യാമിന്റെ ബന്ധുവായ ലതയ്ക്കും കത്ത് ചെന്നു. അത് പോസ്റ്റ് ചെയ്തിരുന്നത് വെൺമണി പോസ്റ്റ് ഓഫീസിൽ നിന്നായിരുന്നു. പൊലീസ് വെൺമണി പോസ്റ്റ് ഓഫീസിൽ എത്തി കത്ത് ഇടുന്ന പെട്ടിയും പരിസരവും പരിശോധിച്ചു. കത്ത് ഇടുന്നത് കാണാൻ പറ്റുന്ന തരത്തിൽ ഒരു സിസിടിവി ഉണ്ടായിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു മധ്യവയസ്‌കനെ സംശയകരമായ രീതിയിൽ കണ്ടു. ഇയാളെപ്പറ്റി അനേ്വഷിച്ചപ്പോൾ ചെറിയനാട് മാമ്പ്രയിൽ താമസിക്കുന്ന വിമുക്തഭടൻ രാജേന്ദ്രൻ ആണെന്ന് മനസിലായി. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കാര്യങ്ങൾക്ക് വ്യക്തതയായി. ജലജ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് രാജേന്ദ്രൻ പൊലീസിനോട് പറഞ്ഞു. ജലജ അറസ്റ്റിലായപ്പോൾ യഥാർഥ വില്ലൻ ശ്യാമാണെന്ന് കുറ്റസമ്മതം നടത്തി. ശ്യാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ എല്ലാം ഏറ്റു പറഞ്ഞു. ജലജയുയുടെയും ശ്യാമിന്റെയും വീട്ടിൽ പോലീസ് റെയ്ഡ് നടത്തി അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റും കവറുകളും കണ്ടെടുത്തു. ആദ്യ മൂന്നുമാസം കത്ത് എഴുതിയത് ശ്യാമും ജലജയും ചേർന്നാണ്.
പൊലീസ് ശ്യാമിനെ സംശയിക്കുന്നുണ്ട് എന്ന് മനസിലാക്കി അടുത്ത മൂന്നുമാസം
കത്ത് എഴുതിയത് രാജേന്ദ്രനാണ്. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതിനിടെ ശ്യാം ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിനും പോയിരുന്നു.

കത്തുകളുടെ എല്ലാം പിന്നിൽ മനോജ് ആണ് എന്ന് വരുത്തി തീർക്കാൻ ശ്യാമിന്റെ സഹോദരിയെ കൊണ്ട് ഒരു പരാതി കൊടുപ്പിച്ച് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീട്ടുകാർക്കോ സഹോദരിക്കോ ശ്യാമിന്റെ സ്വഭാവ വൈകൃതത്തെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ശ്യാമിന് അയൽക്കാരും ബന്ധുവുമായ മനോജ്, ശ്രീകുമാർ എന്നിവരോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു മനോജിനോട് വൈരാഗ്യം വരാനുള്ള കാരണം. ശ്യാമിന് കഞ്ചാവ് കച്ചവടം ഉണ്ടോ എന്ന് ചോദിച്ചതാണ് ശ്രീകുമാറിനോട് വൈരാഗ്യം വരാൻ കാരണം. രണ്ടുപേരെയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനും അവരുടെ കുടുംബത്തെ തകർക്കാനും വേണ്ടിയാണ് ശ്യാം പദ്ധതി തയാറാക്കിയത്.

തന്റെ പേരിൽ തന്നെ കത്ത് എഴുതി വിട്ടാൽ ഒരിക്കലും സംശയിക്കില്ല എന്നുള്ള ധാരണയാണ് ശ്യാമിന്റെ പേരിൽ തന്നെ കത്ത് അയയ്ക്കാൻ കാരണം. വൈരാഗ്യം ഉള്ള ആളുകളെ ഒഴിവാക്കി പ്രദേശത്തെ പ്രമുഖരായ വ്യക്തികൾക്ക് ആണ് ആദ്യം ശ്യാം കത്ത് എഴുതിയിട്ടുള്ളത്. ഇത് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനും കത്തിന്റെ വിഷയം പൊതുജനശ്രദ്ധയിൽ വരുത്താനും വേണ്ടിയായിരുന്നു. ഇത് കൂടാതെ അയൽപക്കത്തുള്ള വീടുകളിൽ പട്ടിൽ പൊതിഞ്ഞ ചെമ്പ് ടെറസിൽ കൊണ്ട് വയ്ക്കുന്ന സ്വഭാവവും ശ്യാമിന് ഉണ്ടായിരുന്നു. ഒരിക്കലും സംശയിക്കാതെ ഇരിക്കുവാൻ സ്വന്തം വീട്ടിൽ ഉള്ളവർക്ക് പോലും ശ്യാം ഇത്തരത്തിൽ കത്തയച്ചിരുന്നു. പൊലീസ് അനേ്വഷിക്കുന്ന സമയത്ത് മൊബൈലിന്റെ ലൊക്കേഷൻ വെച്ച് മനോജിനെ പിടിക്കുവാൻ വേണ്ടി അയാൾ പോകുന്ന സ്ഥലങ്ങളിൽ പിന്തുടർന്ന് എത്തി കത്ത് പോസ്റ്റ് ചെയ്യുന്ന അതിബുദ്ധിയും ശ്യാം കാണിച്ചു. ഈ കേസിൽ മനോജും ശ്രീകുമാറും പിടിക്കപ്പെടണം എന്നാണ് ശ്യാം ആഗ്രഹിച്ചിരുന്നത്.

പ്രതികൾ ഇതുവരെ പടനിലം പ്രദേശത്തുള്ള അമ്പതോളം പേർക്ക് കത്ത് അയച്ചിട്ടുണ്ട്. ഇൻസ്‌പെക്ടർ പി. ശ്രീജിത്ത്, എസ്.ഐമാരായ നിതീഷ് , സുഭാഷ് ബാബു, എ.എസ്.ഐ രാജേന്ദ്രൻ, സിപിഓമാരായ ജയേഷ്, സിനു,വിഷ്ണു, പ്രവീൺ, രജനി, ബിജു എന്നിവർ അനേ്വഷണ സംഘത്തിലുണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *