അവിഹിതം ; യുവതിയുടെ പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ ചർച്ച നടക്കുന്നതിനിടെ പരാതിക്കാരി എതിർ കക്ഷിയെ തല്ലി:
അടൂർ: ഭർത്താവുമായി അവിഹതബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവതി നൽകിയ പരാതി ചർച്ച ചെയ്യുന്നതിനിടെ പൊലീസ് സ്‌റ്റേഷനിൽ വച്ച് പരാതിക്കാരി എതിർ കക്ഷിയെ തല്ലി. അടികൊണ്ട യുവതി സ്‌റ്റേഷനിൽ കുഴഞ്ഞു വീണു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഏനാത്ത് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.
കുന്നിട സ്വദേശിനിയാണ് ഭർത്താവിന്റെ ബന്ധുവായ യുവതിക്കെതിരേ പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ വേണ്ടി ഇരുകൂട്ടരെയും സ്‌റ്റേഷനിൽ വിളിച്ചു വരുത്തി. എസ്‌ഐ വിവരങ്ങൾ ആരായുന്നതിനിടെ പരാതിക്കാരി എതിർ കക്ഷിയുടെ കവിളത്ത് അടിക്കുകയായിരുന്നു. അൽപ്പ സമയത്തിന് ശേഷം അടി കൊണ്ട യുവതി സ്‌റ്റേഷനിൽ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


