നീരുറവ് പദ്ധതിയുടെ രേഖാ പ്രകാശനവും, നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നീരുറവ് പദ്ധതിരേഖാ പ്രകാശനവും നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുത്തന്‍കുഴി നീര്‍ത്തടത്തില്‍ ജില്ലാ കളക്ടറും ജില്ലാ പ്രോഗാം കോര്‍ഡിനേറ്ററുമായ ഡോ ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. മനുഷ്യരുടെ പ്രകൃതി ചൂഷണമാണ് കാലവസ്ഥാവ്യതിയാനത്തിനും നീര്‍ച്ചാലുകളുടെ ശോച്യമായ അവസ്ഥക്കും കാരണമെന്നും പ്രകൃതിക്ക് നമ്മെ സംരക്ഷിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ നാം ചെയ്യേണ്ടതെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. നീരുറവ് പദ്ധതിയിലൂടെ നീര്‍ത്തട അധിഷ്ഠിതമായ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത് മൂലം ഇവയെ വീണ്ടെടുക്കുവാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി പദ്ധതിരേഖാ പ്രകാശനത്തിനൊപ്പം നീര്‍ത്തട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലും കളക്ടര്‍ പങ്കാളിയായി.

തദ്ദേശ സ്വയം ഭരണ വകുപ്പ്, നവകേരളം കര്‍മ്മപദ്ധതി രണ്ട്, ഹരിത കേരള മിഷന്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുത്തന്‍ കുഴി തോടിന്റെ പുനരുദ്ധാരണമാണ് പദ്ധതി പ്രകാരം പൂര്‍ത്തിയാകുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലേയും നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി, ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയാറാക്കി നിര്‍വഹണം നടത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രകൃതി വിഭവങ്ങളായ മണ്ണിനേയും ജലത്തേയും സംരക്ഷിക്കാനും ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും, അതിലൂടെ കാര്‍ഷിക അഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്താനുമാണ് പദ്ധതി നടത്തിപ്പിലൂടെ ലക്ഷ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് സിജു, സജി തെക്കുംകര, വിന്‍സണ്‍ തോമസ് ചിറക്കാല, തുളസിയമ്മ കെ ആര്‍, കെ ജി സുരേഷ്, ജോയിന്റ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അജീഷ് സി കെ ചെറിയകോലോത്ത്, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ ഏറ്റെടുത്തു നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ചിലവാക്കപ്പെടുന്ന തുകയുടെ 80 ശതമാനവും പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. ഈ തുക ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ ഓരോ ഗ്രമപഞ്ചായത്തിനും സമഗ്ര നീര്‍ത്തട പദ്ധതികള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. തൊഴില്‍ദാന പദ്ധതി എന്ന നിലയില്‍ നിന്നു മാറി പരിസ്ഥിതി പുന:സ്ഥാപനത്തിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *